ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ കുർണൂലിയിൽ ബസിന് തീപിടിച്ച് 12 യാത്രക്കാർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. പുറത്തുവന്ന വാർത്ത ഏറെ വേദനാജനകമാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവും എക്സിലൂടെ പ്രതികരിച്ചു. അപകടത്തിൽ ദാരുണമായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റവർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു വ്യക്തമാക്കി.
പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 20 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബസ് പൂർണമായും കത്തിനശിച്ചു. പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ബൈക്കുമായി കൂട്ടിയിടിച്ചതിന് ശേഷം ബസിന് തീപിടിക്കുകയായിരുന്നു.















