ന്യൂഡൽഹി: ഫുഡ്ബോൾ താരം ലയണൽ മെസിയുടെ കേരളസന്ദർശനം റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അർജന്റീന ഫുൾബോൾ അസോസിയേഷൻ. കേരളം മത്സരത്തിന് സജ്ജമല്ലെന്നും മത്സരം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടുണ്ട്. അർജന്റീനയിലെ ചില മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിനാണ് മെസിയുടെ കേരളസന്ദർശനം റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. മത്സരം നടത്താൻ ഫിഫ അനുമതി നൽകിയില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നേരത്തെയും ഇത്തരത്തിൽ മെസിയുടെ കേരളസന്ദർശനം അർജന്റീന ഫുൾബോൾ അസോസിയേഷൻ റദ്ദാക്കിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നുമാണ് സ്പോൺസർമാർ ആവർത്തിച്ചത്.
കൃത്യമായി ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണെന്ന് സ്പോൺസർമാർ വാദിച്ചിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.















