തൃശൂർ: 47-കാരനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം കൂനംമാവിലെ അഗതിമന്ദിരം നടത്തിപ്പുകാരനായ അമൽ സഹായികളായ നിധിൻ, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ 21-നാണ് ആലപ്പുഴ സ്വദേശിയായ സുദർശനെ കൊടുങ്ങല്ലൂരിൽ ബസ് സ്റ്റോപ്പിന് സമീപത്തായി നഗ്നനായി അവശനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നു. പരിശോധനയിൽ യുവാവിന്റെ ജനനേന്ദ്രീയം തകർത്തതായും കണ്ണുകൾ കുത്തിപ്പൊട്ടിച്ചതായും കണ്ടെത്തിയിരുന്നു.
അണുബാധയേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയിരുന്നു. ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായികുന്നു. മുറിവുകൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ.
അഗതിമന്ദിരത്തിലെ അന്തേവാസികൾ ചേർന്നാണ് സുദർശനെ ക്രൂരമായി മർദ്ദിച്ചത്. പിന്നീട് ചികിത്സ നൽകാതെ സുദർശനെ കാറിൽ കയറ്റികൊണ്ടുവന്ന് ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.















