ഭോപ്പാൽ: ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ബിജെപി പിച്ഛ്ഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജകാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ബിജെപി പ്രവർത്തകന്റെ തലയ്‌ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. പ്രിൻസ് ജോസഫ്, അക്രം ഖാൻ എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണ്. ഇതിനിടെ പ്രിൻസിന്റെ പിതാവ് ആത്മഹത്യ ചെയ്തു.
വെടിവയ്പ്പിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തി. മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തിൽ ബിജെപി എംഎൽഎ സഞ്ജയ് പഥക്, ബിജെപി ജില്ലാ പ്രസിഡന്റ് ദീപക് ടണ്ടൻ സോണി എന്നിവരും പങ്കെടുത്തു.
ലവ് ജിഹാദ് കേസിൽ ഇടപ്പെട്ടതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഈ ആരോപണം ഉയർന്നതോടെ രാഷ്‌ട്രീയവിവാദത്തിന് വഴിവച്ചു.















