കോഴിക്കോട്: വീടിന്റെ മതിലിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്. കോഴിക്കോട് കക്കോടിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സംരക്ഷണഭിത്തിയുടെ നിർമാണത്തിനിടെ സമീപത്തുണ്ടായിരുന്ന ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.
അഗ്നിശമനസേന സ്ഥലത്തെത്തി മണ്ണിനടിയിൽ നിന്ന് യുവാവിനെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു.
വീട് നിർമിക്കുന്നതിന്റെ ഭാഗമായി പുതിയ മതിൽ നിർമിക്കുന്നതിനിടെയാണ് അപകടം നടന്നത്. പഴയ മതിൽകെട്ടാണ് ഇടിഞ്ഞുവീണത്. ഇത് തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞുവീണു. മതിൽ കെട്ടാനായി കുഴി എടുക്കുന്ന സമയത്താണ് അപകടം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണം മതിൽ കുതിർന്നുനിൽക്കുകയായിരുന്നു.















