പട്ന: ബിഹാറിലെ മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് ആർജെഡി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തതെന്നും കോൺഗ്രസും ആർജെഡിയും ബിഹാറിന്റെ ഐഡിന്റിറ്റി നശിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെയും ആർജെഡിയുടെയും നീക്കങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആർജെഡി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷ, ആർജെഡി നേതാക്കൾ കോൺഗ്രസിന് നേരെ തോക്ക് ചൂണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത്.
ഇരുപാർട്ടികളും തമ്മിൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കടുത്ത വിദ്വേഷം നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും അവർ പരസ്പരം പോരാടാൻ സാധ്യതയുണ്ട്. അവർ തമ്മിൽ വലിയ സംഘർഷവും നടക്കുന്നു. അവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവർ പരസ്പരം തിരിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















