എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചിയിലെ കലൂരിലുള്ള വാടകവീട്ടിലാണ് മോഷണം നടന്നത്. 20 കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയതായാണ് വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മോൻസന്റെ വീടും സാധനങ്ങളും ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിലാണ്. എന്തൊക്കെ വസ്തുക്കൾ മോഷണം പോയി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ സാനങ്ങൾ എടുക്കാൻ മോൻസൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം വീട്ടിനുള്ളിലെ സാധനങ്ങൾ എടുത്താനാണ് മോൻസണുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.
വീട്ടിൽ എത്തി പരിശോധന നടത്തുന്നതിനിടെയാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ ഒരു ഭാഗം തകർന്ന നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന പുരാവസ്തുക്കൾ പലതും മോഷണം പോയി. സിസിടിവി പൊളിച്ച് മാറ്റിയ ശേഷമായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















