തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെയും എസ്ഡിപിഐയ്‌ക്കെതിരെയും നടപടി കടുപ്പിച്ച് ഇഡി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 67.03 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകളുടെയും എസ്ഡിപിഐയുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സംസ്ഥാനത്തെ ഗ്രീൻവാലി അക്കാദമി ഉൾപ്പെടെയുള്ള എട്ട് സ്വത്തുക്കൾ കണ്ടുകെട്ടിയതായാണ് വിവരം. പിഎഫ്ഐയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പിഎഫ്ഐയുടെയും എസ്ഡിപിഐയുടെയും സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
ഗ്രീൻവാലി അക്കാദമിയെ കൂടാതെ ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ, പെരിയാർവാരി ചാരിറ്റബിൾ ട്രസ്റ്റ് ആലുവ, വള്ളുവനാടൻ ട്രസ്റ്റ് പാലക്കാട് തുടങ്ങിയവയ്‌ക്കെതിരെയാണ് ഇഡിയുടെ നടപടി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും ഹവാല പണമിടപാട് നടത്തിയെന്നും വിദേശഫണ്ട് കൊണ്ടുവന്ന് ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവെന്നും ഇഡി വ്യക്തമാക്കി.















