സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: എറണാകുളം- ബെം​ഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കന്നി യാത്രയിൽ വി​ദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയതിൽ വിമർശിക്കുന്ന പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെകുറിച്ചുള്ള ദേശഭക്തി ​ഗാനങ്ങൾ കുട്ടികൾ പാടുന്നതിൽ താങ്കൾ എന്തിനാണ് അസ്വസ്ഥനാകുന്നതെന്നും കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രി എന്ത് അവകാശമാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട കുറിപ്പ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് പരാമർശിച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർത്ഥികൾ ​​ഗണ​ഗീതം പാടുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

“മുഖ്യമന്ത്രി പിണറായി വിജയൻ, യഥാ‍ർത്ഥത്തിൽ നിങ്ങൾ അപലപിക്കുന്നത് എന്തിനെയാണ് ? ഏതാനും കുട്ടികൾ പാട്ടുകൾ പാടിയതിനെയോ? അതോ അവർ ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടിയതിനെയാണോ? അതോ അവർ സ്വന്തം രാജ്യത്തെക്കുറിച്ചുള്ള ദേശഭക്തി ​ഗാനങ്ങൾ പാടിയതിനെയോ? പ്രചോദനം പകരുന്ന കാര്യങ്ങൾ കുട്ടികൾ ആഹ്ലാദത്തോടെ ആഘോഷമാക്കുമ്പോൾ, നിങ്ങൾ എന്തിനാണ് അസ്വസ്ഥനാകുന്നത്? പ്രത്യേകിച്ചും, വന്ദേഭാരത് ട്രെയിനിലൂടെ പുതിയ ഇന്ത്യയുടെ കരുത്തും പുരോഗതിയും അവർ അനുഭവിച്ചറിഞ്ഞൊരു ദിവസം! ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യം അവഗണിക്കാൻ കഴിയുക? ( നിങ്ങൾ ആർട്ടിക്കിൾ 19 മറന്നുപോയോ?) ഒരു കാര്യം ശ്രദ്ധിച്ചു മനസ്സിലാക്കിയാൽ നന്ന്.

കുട്ടികളെ ഭീഷണിപ്പെടുത്താൻ ബിജെപിയും ഞാനും നിങ്ങളെ ഒരിക്കലും അനുവദിക്കില്ല – അത് സ്‌കൂളിൽ വെച്ചായാലും, കേരളത്തിൽ മറ്റെവിടെ വെച്ചായാലും. അപലപിച്ചേ തീരൂ എന്ന് നിർബന്ധമുണ്ടെങ്കിൽ, അപലപിക്കേണ്ട വിഷയങ്ങളുടെ നീണ്ടൊരു പട്ടിക തന്നെ നിങ്ങൾക്ക് ഞാൻ നല്കാം.

✅തിരുവനന്തപുരത്ത് വേണുവിന്റെ മരണത്തിനിടയാക്കിയ സംസ്ഥാനത്തെ തകർന്ന ആരോഗ്യ മേഖലയെ നമുക്ക് അപലപിക്കാം.
✅സംസ്ഥാനത്തെ 75 ശതമാനം സ്‌കൂളുകളും സുരക്ഷിതമല്ലെന്ന് സമ്മതിക്കുകയും കുട്ടികളെ പുറത്തുപോയി പഠിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രിയെ നമുക്ക് അപലപിക്കാം.
✅ദേവസ്വം ബോർഡുകളിലെ അഴിമതിയെയും ശബരിമലയിൽ നിന്ന് 4.5 കിലോ സ്വർണ്ണവും ഗുരുവായൂരിൽ നിന്ന് 25 കോടിയും മോഷ്ടിച്ചതിനെയും നമുക്ക് അപലപിക്കാം.
✅രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയ സർക്കാരിനെ നമുക്ക് അപലപിക്കാം.
✅കർഷകർക്ക് കൃത്യ സമയത്ത് പണം നൽകാത്ത, ഭവനരഹിതർക്ക് വീടുകൾ നൽകാത്ത, സംസ്ഥാനത്ത് ഉടനീളം കോളനികളിൽ പാവപ്പെട്ടവരെ ദുരിത ജീവിതത്തിന് നിർബന്ധിതരാക്കുന്ന സർക്കാരിനെ നമുക്ക് അപലപിക്കാം.
✅സാധാരണ മലയാളികളുടെ തലയിൽ 6 ലക്ഷം കോടി രൂപയുടെ കടം അടിച്ചേല്പിച്ച സ‍ർക്കാരിനെ നമുക്ക് അപലപിക്കാം.
✅10 വർഷത്തെ അഴിമതി, അവ​ഗണന, കെടുകാര്യസ്ഥത, എസ്ഡിപിഐ/ജമാഅത്തെ ഇസ്‌ലാമി ‘മതനിരപേക്ഷത’ എന്നിവയെ നമുക്ക് അപലപിക്കാം.
✅കേരളത്തിന്റെ നഷ്ടപ്പെട്ട ദശകത്തെ നമുക്ക് അപലപിക്കാം.
കഴിഞ്ഞ 10 വർഷത്തെക്കുറിച്ച് അപലപിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കരുതെന്നാണ് സഖാവ് പിണറായി വിജയനോട് എനിക്ക് പറയാനുള്ളത്. ആ കളി അവസാനിച്ചു.
സന്തോഷത്തോടെ ദേശഭക്തി ഗാനങ്ങൾ പാടുന്ന മലയാളി കുട്ടികളെ നമ്മൾ അനുമോദിക്കുകയാണ് വേണ്ടത്”- അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment