തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചു. ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായതായി കുടുംബം ആരോപിച്ചു. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. അണുബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അണുബാധയ്‌ക്ക് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, വീട്ടുകാർ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ വാദം. കഴിഞ്ഞ മാസം 22-ാം തീയതിയാണ് ശിവപ്രിയയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയതു. പിന്നീട് പനി ബാധിച്ചതോടെ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്നും ശിവപ്രിയയ്‌ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭർത്താവ് പ്രതികരിച്ചു. പ്രസവം കഴിഞ്ഞ ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി മാത്രമാണ് ഉണ്ടായിരുന്നതെന്നും കൃത്യമായി പരിശോധിക്കാതെയാണ് വിട്ടയയ്ച്ചതെന്നും ഭർത്താവ് മനു പറഞ്ഞു.
ആശുപത്രിയിൽ എത്തിയപ്പോൾ ഉള്ള് പരിശോധിച്ചിരുന്നു. സ്റ്റിച്ച് പൊട്ടി എന്നാണ് അവർ പറഞ്ഞത്. സ്റ്റിച്ച് പൊട്ടിയെങ്കിൽ വേദവ വരില്ലേ. തലകറക്കം വന്നതിന് ശേഷം എന്നെ വിളിച്ചുകാണിച്ച് തന്നു. സംസാരിച്ചിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതാവുകയായിരുന്നു. നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ആയതെന്നാണ് പറയുന്നത്. അണുബാധയേറ്റ ബാക്ടീരിയ ആശുപത്രിയിലൂടെയാണ് ഉണ്ടാകുന്നതെന്നും മനു പറഞ്ഞു.















