ദിസ്പൂർ: സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ല് മന്ത്രിസഭ അംഗീകരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. നിയമപരമായി ബന്ധം വേർപിരിയാതെ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉള്ളവർക്ക് ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ബഹുഭാര്യത്വത്തിന് ഇരയായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ബില്ല് പരാമർശിക്കുന്നുണ്ട്. ഇതിനായി സർക്കാർ പുതിയ ഫണ്ട് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 25-ന് ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റക്കാരെ കണ്ടെത്തിയാൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കും. ഇരയായ സ്ത്രീകൾക്ക് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാതിരിക്കാൻ ആവശ്യമായ കേസുകളിൽ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.















