ഇടുക്കി: വന്ദേഭാരത് എക്സ്പ്രസിൽ ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയതിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ. വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിൽ ആശങ്കയില്ലെന്നും കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചത് ചിലർ വിവാദമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് സൈബറാക്രമണം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഡിന്റു കെ പി വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനിൽ ദേശഭക്തിഗാനം പാടിയ വിദ്യാർത്ഥികൾ കടുത്ത സൈബറാക്രമണമാണ് നേരിടുന്നത്. കുട്ടികളുടെ ആശങ്കകൾ പരിഹരിക്കേണ്ട വിദ്യാഭ്യാസ മന്ത്രിയാണ് സ്കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമപരമായി മുന്നോട്ടുനീങ്ങാനുള്ള സ്കൂൾ അധികൃതരുടെ തീരുമാനം.
നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചത്. റെയിൽവേ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിൽ മറ്റൊരു ഇടപെടലുകളും നടന്നിട്ടില്ലെന്നും പ്രിസൻസിപ്പൽ പറഞ്ഞു.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ ഭീഷണിയുമായി വി ശിവൻകുട്ടി രംഗത്തുവന്നിരുന്നു. സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശഭക്തി ഗാനം എന്ന് പറയാൻ പ്രിൻസിപ്പലിന് എന്ത് അധികാരമെന്നായിരുന്നു മന്ത്രിയുടെ വാദം. കുട്ടികൾ ഗണഗീതം ആലപിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave a Comment