ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിലിൽ കൊടുംകുറ്റവാളികൾക്ക് സുഖജീവിതം. സെല്ലിനുള്ളിൽ മദ്യം നിറച്ച ഗ്ലാസുകളും ആഹാരവും മദ്യക്കുപ്പികളും വച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നു. മദ്യപിച്ച് ജയിൽപുള്ളികൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
ഐഎസ് ഭീകരരുമായി ബന്ധമുള്ള ജുഹാദ് ഹമീദ്, സീരിയൽ ബലാത്സംഗ കുറ്റവാളി ഉമേഷ് എന്നിവർക്കാണ് ജയിലിൽ സൗകര്യം ഒരുക്കികൊടുത്തിരിക്കുന്നത്. ജയിൽ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്നും കൊടും കുറ്റവാളികൾക്ക് വിഐപി പരിഗണന നൽകിയതും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ.
നേരത്തെ, തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ടിവി കാണുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തു. തുടർന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ജയിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം പ്രതികരിച്ചു
എല്ലാ ജയിലുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നത്.















