ന്യൂഡൽഹി: മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. ഇന്ത്യക്കാരുടെ മോചനത്തിനായി അടിയന്തര നയതന്ത്രനടപടികൾ ആരംഭിച്ചിട്ടുണ്ട്. മാലി അധികൃതരുമായും ബന്ധപ്പെട്ട കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നവംബർ ആറിനാണ് ഇന്ത്യക്കാരായ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന്റെ ഉന്നത തലങ്ങളിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ബമാകോയിലെ എംബസി മാലി സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്.
മാലിയിൽ നിരവധി അട്ടിമറികളും അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവരുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രദേശത്ത് ജോലി ചെയ്തിരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷ മുൻ നിർത്തി തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.















