ന്യൂഡൽഹി: രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കിയ ഡൽഹി സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച കാർ പുൽവാമ സ്വദേശിയുടേതാണെന്നാണ് കണ്ടെത്തൽ. ഹരിയാന നമ്പർ പ്ലേറ്റുള്ള ഹ്യുണ്ടായ് I20 കാറിലാണ് സ്ഫോടനമുണ്ടായത്.
എൻഐഎ, എൻഎസ്‌ജി, ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ, യുപി എടിഎസ് എന്നിവർ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കാറുടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആദ്യം സൽമാൻ എന്ന വ്യക്തിയിലേക്കും പിന്നീട് പുൽവാമ സ്വദേശിയായ താരിഖിലേക്കും എത്തുകയായിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് വാഹനം പലതവണ വിറ്റതായി റിപ്പോർട്ടുണ്ട്. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണ്.
കാറിന്റെ യഥാർത്ഥ ഉടമയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരാക്രമണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിന്റെ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. അമോണിയെ നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഡൽഹിയിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം പരിശോധന നടക്കുകയാണ്. കേരളത്തിലും പരിശോധന വ്യാപിപ്പിച്ചു. തിരുവനന്തപുരം, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്.















