പാലക്കാട്: യുവാവിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ് അറസ്റ്റിലായത്.
അതിവിദഗ്ധമായാണ് യുവതി പൂജാരിയായ യുവാവിനെ കബളിപ്പിച്ചത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകളാണ് താൻ എന്നും ഡോക്ടറാണെന്നും വിശ്വസിപ്പിച്ചായിരുന്നു പണം തട്ടൽ.
ഒൻപതാം ക്ലാസ് വിദ്യാഭ്യാസമുള്ള മുബീന, ഡോ. നിഖിത ബ്രഹ്‌മദത്തൻ എന്ന് പരിചയപ്പെടുത്തിയാണ് പൂജാരിയെ സമീപിച്ചത്. ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ്പ് ധരിച്ച് ജില്ലാ ആശുപത്രിയിൽ എത്തി വിശ്വാസ്യത ഉറപ്പുവരുത്താനും മുബീന ശ്രദ്ധിച്ചു. കോടികൾ മൂല്യമുളള സ്വത്തിന്റെ അവകാശിയാണെന്നും തറവാട്ടിൽ പുരുഷൻമാരില്ലാത്തതിനാൽ യുവാവിനെ ദത്തെടുക്കാന്‍ തയാറാണെന്നും യുവതി പറഞ്ഞിരുന്നു. പിന്നാലെ ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു.
താൻ സ്ഥാപിക്കുന്ന ഐവിഎഫ് ആശുപത്രിയിൽ പാർട്ട്ണർ ആക്കാമെന്ന് പറഞ്ഞാണ് പല തവണയായി 68 ലക്ഷം രൂപ കൈപ്പറ്റിയത്. 2023-ൽ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിന് ശേഷം എറണാകുളത്തെ ഷോപ്പിങ് മാളിൽ നിന്നാണ് യുവതിയെ പിടികൂടിയത്.















