ന്യൂഡൽഹി: യുഎസുമായി ന്യായമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയുടെ താത്പര്യം മുൻനിർത്തി മികച്ച വ്യാപാര കരാറിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർഷകർ, മത്സ്യത്തൊഴിലാളികൾ, തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവരുടെ താൽപ്പര്യങ്ങളിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല. ന്യായവും നീതിയുക്തവുമായ വ്യാപാര കരാറാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അത് ഉടൻ സംഭവിക്കാം. ഞങ്ങൾ അതിനായി തയാറെടുക്കുകയാണ്.
യുഎസിലെ ഉയർന്ന തീരുവ കാരണം വെല്ലുവിളി നേരിടുന്ന രാജ്യത്തെ മത്സ്യബന്ധന മേഖലയ്‌ക്കായി ഇന്ത്യ പുതിയ വിപണി അന്വേഷിക്കുകയാണ്. 2025 അവസാനത്തോടെ കരാറിന്റെ ആദ്യഘട്ടം അന്തിമാക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.















