ന്യൂഡൽഹി: ബിഹാറിലെ യുവജനങ്ങൾ ബുദ്ധിയുള്ളവരാണെന്ന് അരാജകത്വ സർക്കാർ വേണ്ടായെന്ന് അവർ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിഹാറിൽ വിജയം നമുക്കാണ്. വികസനത്തിനും സമാധാനത്തിനുമാണ് ബിഹാറിൽ ജനങ്ങൾ വോട്ട് ചെയ്തത്. അഴിമതിയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന്റെ ഫലസൂചകങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഞങ്ങൾ ബിഹാറിൽ ജയിച്ചു. ഇനി പശ്ചിമബംഗാളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. മുൻ കാലങ്ങളിൽ എന്താണ് ഉണ്ടായതെന്ന് ഇന്നത്തെ യുവതലമുറയ്‌ക്ക് അറിയില്ല. പക്ഷേ, മുതിർന്നവർക്ക് അറിയാം. തേജസ്വി യാദവ് കുറച്ചുകാലം പോലും സർക്കാരിൽ ഉണ്ടായിരുന്നപ്പോൾ അഴിമതിക്കുള്ള ശ്രമങ്ങൾ നടന്നിരുന്നു.
ബിഹാറിലെ പൗരന്മാർ അരാജകത്വത്തെയും അഴിമതി നിറഞ്ഞ നേതൃത്വത്തെയും തിരസ്കരിച്ചു. ബിജെപി പ്രവർത്തകനെന്ന നിലയിൽ ഞാൻ വ്യക്തമായി പറയുന്നു. ബിഹാറിന്റേത് നമ്മുടെ വിജയമാണ്. ഇനി ബംഗാളിന്റെ ഊഴമാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.















