ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ സിഖ് തീർത്ഥാടകയുടെ പേരും ഫോട്ടോയുമുള്ള നിക്കാഹ് നാന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സർബ്ജീത് ഇസ്ലാം മതം സ്വീകരിച്ച് നാസിർ ഹുസൈൻ എന്ന വ്യക്തിയെ വിവാഹം കഴിച്ചുവെന്ന് കാണിക്കുന്ന രേഖകളാണ് പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിലെ കപൂർത്തല സ്വദേശിനിയാണ് യുവതി.
ഗുരുനാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്ഥാനിലേക്ക് പോയ സിഖ് പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു യുവതി. നവംബർ 4 നാണ് ആരാധാനാലയങ്ങൾ സന്ദർശിക്കാനുള്ള ഉഭയകക്ഷി കരാർ പ്രകാരം അമൃത്സറിലെ അട്ടാരി അതിർത്തി വഴി 1,923 സിഖുകാർ പാകിസ്ഥാനിലേക്ക് പോയത്. ഗുരുദ്വാരകൾ സന്ദർശിക്കുന്നതിനിടെ നവംബർ 13 നാണ് യുവതിയെ കാണാതായത്.
യുവതിയെ കാണാതായതിന് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു. സംഭവത്തിൽ ഇന്ത്യൻ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിക്കാഹ് രേഖകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ച് വിടാനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നുണ്ട്. മുൻപും സിഖ് തിർത്ഥാടക സംഘത്തെ ബലപ്രയോഗിച്ച് മതം മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇന്ത്യൻ ഏജൻസികൾ പരിശോധിക്കുകയാണ്.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) നേതൃത്വത്തിലാണ് എല്ലാവർഷവും തീർത്ഥാടനം സംഘടിപ്പിക്കുന്നത്. ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവസാന നിമിഷമാണ് സിഖ് തിർത്ഥാടകർക്ക് പാകിസ്ഥാൻ സന്ദർശിക്കാൻ കേന്ദ്രം അനുമതി നൽകിയത്.















