തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമായി . ‘ഇടതും വലതും മതിയായി; ഇനി വരണം എൻ.ഡി.എ’ എന്ന മുദ്രാവാക്യവും പ്രചാരണ ലോഗോയും തൃശൂരിലെ ദേശീയ ജനാധിപത്യ സഖ്യം നേതൃയോഗത്തില്‍ പ്രകാശനം ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ചേർന്നാണ് പ്രകാശനം നിര്‍വഹിച്ചത്. ഇനി വരണം. ബിജെപി, മാറാത്തതു മാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് തെരഞ്ഞെടുപ്പ് കാമ്പയിന്.
ബീഹാര്‍ തെരഞ്ഞെടുപ്പു ഫലം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വോട്ടുചോരിയെന്നു പറയുന്ന പ്രതിപക്ഷം വോട്ടര്‍പ്പട്ടിക ശുദ്ധീകരണ പ്രക്രിയയെ എതിര്‍ക്കുന്നത് വിചിത്രമാണ്. വികസിത കേരളമെന്ന കാഴ്ചപ്പാടുമായി ബിജെപി തദ്ദേശ സ്ഥാപനങ്ങളില്‍ വന്‍വിജയം കൈവരിക്കുമെന്നുറപ്പാണ്. അഴിമതിരഹിത ഭരണവും വികസന രാഷ്ട്രീയവുമാണ് കേരളത്തിനാവശ്യം. സംസ്ഥാനത്ത് ഇപ്പോഴും പല കോളനികളിലും കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും രാജീവ് പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്, എസ്. സുരേഷ്, അനൂപ് ആന്റണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ. ഉണ്ണിക്കൃഷ്ണന്, ജ്യോതിഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സംഗീത വിശ്വനാഥ്, പദ്മകുമാര്‍, എന്‍ഡിഎ വൈസ് ചെയര്മാന് എ.എന്‍. രാധാകൃഷ്ണന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. അനീഷ് കുമാര്‍, കെ. സോമന് എന്നിവര്‍ സന്നിഹിതരായിരുന്നു.















