കൊച്ചി: യാത്രയ്‌ക്കിടെ വാഹനത്തിന്റെ ക്യാബിനിൽ നിന്നുള്ള വീഡിയോ ചിത്രീകരണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
കോൺട്രാക്ട്/സ്‌റ്റേജ് കാര്യേജ് വാഹനങ്ങളും അപകടകരമായ രീതിയിൽ ഓടിച്ച് പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നത് വർദ്ധിച്ച് വരികയാണ്. ഓടുന്ന വാഹനങ്ങളിലെ വീഡിയോ ചിത്രീകരണം വാഹന യാത്രക്ക് പുറമേ വഴിയാത്രക്കാർക്കും ഭീഷണിയാണ്. ഡ്രൈവർ ക്യാബിനിൽ വ്‌ളോഗർമാർ വീഡിയോ ചിത്രീകരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോടും ഗതാഗത കമ്മിഷണറോടും കോടതി ആവശ്യപ്പെട്ടു.
ഒന്നിലധികം ബാറ്ററികളും ഇൻവെർട്ടറുകളുമാണ് ലേസർ ലൈറ്റുകൾ ഹൈപവർ മ്യൂസിക് സിസ്റ്റം എന്നിവയ്‌ക്ക് വേണ്ടി വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.















