തൃശൂർ: ഭർതൃപീഡനത്തെ തുടർന്ന് 20കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. മകളെ ഷാരോൺ കൊലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ പിതാവ് പറഞ്ഞു. സംശയത്തിന്റെ പേരിലാണ് മർദ്ദിച്ചിരുന്നത്. ഫോൺ ഉപയോഗിക്കാനോ വീട്ടുകാരുമായി ബന്ധപ്പെടാനോ ഷാരോൺ അനുവദിച്ചിരുന്നില്ല. മരിക്കുമ്പോൾ ഗർഭിണിയായിരുന്നു അർച്ചന.
ആറ് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്നെ അർച്ചനയെ ഷാരോൺ ഉപദ്രവിച്ചിരുന്നു. അർച്ചന പഠിക്കുന്നതിൽ ഷാരോണിന് എതിർപ്പുണ്ടായിരുന്നു. ഒരു ദിവസം കോളേജിന് മുന്നിൽ വച്ച് അർച്ചനയെ ഷാരോൺ മർദ്ദിച്ചിരുന്നു.
ഫോൺ ഉപയോഗിക്കാൻ ഷാരോൺ അനുവദിച്ചിരുന്നില്ല. വീട്ടുകാരുമായി സംസാരിക്കുന്നതിനും ഇയാൾക്ക് എതിർപ്പായിരുന്നു. ഷാരോണിന്റെ ഫോണിലേക്കാണ് അർച്ചനയുടെ വീട്ടുകാർ വിളിച്ചിരുന്നത്. എന്നാൽ പിന്നീട് ഷാരോണും ഫോൺ എടുത്തിരുന്നില്ല.
ബുധനാഴ്ച വൈകുന്നേരം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷരോണിന്റെ അമ്മ അംഗൻവാടിയിൽ നിന്നും മകളുടെ കുട്ടിയെ വിളിക്കാൻ പോയ സമയത്തായിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് തീകൊളുത്തിയ യുവതി ദേഹമാസകലം തീപടർന്നതോടെ വീട്ടിൽ നിന്ന് ഇറങ്ങിയോടി കാനയിൽ വീണതാകാമെന്നാണ് നിഗമനം. ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.















