തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിക്കുകയും യുവതിയെ അധിക്ഷേപിക്കുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തു. പ്രോസിക്യൂഷൻ സമർപ്പിച്ച വീഡിയോ കോടതി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് ജാമ്യം നിഷേധിച്ചത്.
പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയ്‌ക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചതും ചാനൽ ചർച്ചയ്‌ക്കിടെ വെളിപ്പെടുത്തിയതും ചെറുതായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ജയിലിൽ നിരാഹാരസമരം നടത്തുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.















