മുംബൈ: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞദിവസം മഹാരാഷ്ട്രയിലുണ്ടായത്. പ്രണയിച്ചതിന് കാമുകിയുടെ ബന്ധുക്കളാൽ കൊലചെയ്യപ്പെട്ട യുവാവിന്റെയും മൃതദേഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയുടെയും വാർത്തകൾ ഏവരുടെയും നെഞ്ചുലച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹം നടത്തിത്തരാമെന്ന് വീട്ടുകാർ ആദ്യം പറഞ്ഞുവെന്നും എന്നാൽ പിന്നീട് വാക്ക് മാറ്റുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. കൊലപാതകം നടന്ന ദിവസം രാവിലെ യുവാവിനെതിരെ വ്യാജ പരാതി നൽകാൻ സഹോദരൻ തന്നെ നിർബന്ധിപ്പിച്ചതായി പെൺകുട്ടി ആരോപിച്ചു. വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി എല്ലാ കാര്യങ്ങളും അറിയിച്ചപ്പോൾ പരാതി കൊടുക്കുന്നതിന് പകരം കൊലപ്പെടുത്തണം എന്നാണ് അവർ മറുപടി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.
മഹാരാഷ്ട്രയിലെ നന്ദേഡിലാണ് ദുരഭിമാന കൊലപാതകം നടന്നത്. 20 കാരനായ സാക്ഷാമിനെ പ്രതികൾ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് എത്തിയ പെൺകുട്ടി യുവാവിന്റെ മൃതദേഹത്തെ വിവാഹം കഴിക്കുകയും സിന്ദൂരമണിയുകയും ചെയ്തു.















