ഇസ്ലാമാബാദ്: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാനിൽ നിന്നെത്തിയത് കാലാവധി കഴിഞ്ഞ വസ്തുക്കളെന്ന് പരാതി. ശ്രീലങ്കയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പാകിസ്ഥാന്റെ പോസ്റ്റ് അവർക്ക് തന്നെ നാണക്കേടായി മാറി. ഭക്ഷണവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും കാലാവധി കഴിഞ്ഞതാണെന്ന് എക്സ് പോസ്റ്റിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ ചിത്രങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
2024 ഒക്ടോബർ മാസത്തിൽ കാലാവധി അവസാനിച്ച വസ്തുക്കളാണ് പാകിസ്ഥാൻ ശ്രീലങ്കയിലേക്ക് അയച്ചത്. പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ശ്രീലങ്കലയ്‌ക്ക് നൽകിയ സഹായത്തെ കുറിച്ച് പറഞ്ഞത്. ചിത്രത്തിൽ കാണുന്ന എല്ലാ സാധനങ്ങളുടെ പാക്കറ്റുകളിലും ’10/2024′ എന്നാണ് എഴുതിയിരിക്കുന്നത്. എന്നും ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ പൗരന്മാർക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുമെന്നും എക്സിൽ കുറിച്ചു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു.
പരിശോധിക്കാതെയും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താതെയുമാണ് സാധനങ്ങൾ ശ്രീലങ്കയിലേക്ക് എത്തിച്ചതെന്നും ഇത് ശ്രീലങ്കൻ പൗരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആളുകൾ വിമർശിച്ചു. എന്നാൽ, പാകിസ്ഥാനിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.
ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ ഇന്ത്യ, നവംബർ 28 മുതൽ വ്യോമ, കടൽ മാർഗത്തിലൂടെ 53 ടൺ സാധനങ്ങൾ ശ്രീലങ്കയിൽ എത്തിച്ചിരുന്നു. ശ്രീലങ്കയിൽ കുടുങ്ങിയ 2,000-ത്തിലധികം ഇന്ത്യൻപൗരന്മാരെയും തിരികെ എത്തിച്ചിരുന്നു. അപകടസ്ഥലങ്ങളിൽ എൻഡിആർഎഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.















