തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. വിവാഹവാഗ്ദാനം നൽകി ക്രൂരമായാണ് രാഹുൽ തന്നെ പീഡിപ്പിച്ചതെന്നും കേരളത്തിന് പുറത്ത് താമസിക്കുന്ന താൻ നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
രാഹുൽ ലൈംഗിക വേട്ടക്കാരനാണ്. വർഷങ്ങളായി എനിക്ക് പരിചയമുണ്ട്. സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴിയാണ് ആദ്യമായി ബന്ധപ്പെട്ടത്. പിന്നീട് ടെലഗ്രാം നമ്പർ ചോദിച്ചു. രാഹുലിനെ വിശ്വസിച്ചാണ് നമ്പർ നൽകിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. നിരന്തരമായ നിർബന്ധത്തിന് ശേഷം ഞാൻ വിവാഹാലോചനയെ കുറിച്ച് വീട്ടിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ കുടുംബം മടിച്ചെങ്കിലും പിന്നീട് കേരളത്തിലെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായതോടെ ബന്ധവുമായി മുന്നോട്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചു.
അടുത്ത അവധിക്ക് വീട്ടിൽ വരാമെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ അതിന് മുമ്പായി ഒറ്റയ്‌ക്ക് കാണണമെന്ന് ആവശ്യപ്പെട്ടു. ഫെനി നൈനാൻ എന്ന സുഹൃത്തിനൊപ്പമാണ് രാഹുൽ വന്നത്. നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. മുറിയിലെത്തിച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവം കടുത്ത മാനസിക സംഘർഷമുണ്ടാക്കി. രാഷ്‌ട്രീയ സ്വാധീനം ദുരുപയോഗം ചെയ്ത് യുവതികളെ ചൂഷണം ചെയ്യുന്ന ലൈംഗികവേട്ടക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്.















