തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റുകളിൽ. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ആണ് തിയേറ്ററുകളിലെ സിസിടിവികൾ സ്ഥാപിച്ചിരിക്കുന്നത്. ഗുരുതര സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
അശ്ലീല ടെലഗ്രാം, എക്‌സ് അക്കൗണ്ടുകളിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പോൺ സൈറ്റുകളിലും ഗ്രൂപ്പുകളിലുമുള്ള പ്രമോ വീഡിയോകളിൽ യുവതിയുടെയും യുവാവിന്റെയും മുഖം വ്യക്തമാണ്. 20,000 വരെ നൽകിയാൽ മുഴുവൻ ദൃശ്യങ്ങളും കാണാമെന്നും ഇതിൽ പറയുന്നുണ്ട്.
വീഡിയോയിൽ തീയേറ്ററുകളിലെ സീറ്റുകളിൽ കെഎസ്എഫ്ഡിസി ലോഗോ വ്യക്തമായി കാണാം. കൂടാതെ കൈരളി എൽ3, ശ്രീ ബിആർ എൻട്രൻസ്, നിള ബിഎൽ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും കാണാം.
വിഷയത്തിൽ പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ത്തിയതോ അതല്ലെങ്കിൽ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.















