തിരുവനന്തപുരം: അകാലത്തിൽ വേർപിരിഞ്ഞ സഹപാഠിയുടെ കുടുംബത്തെ കൈവിടാതെ കളിക്കൂട്ടുകാർ. മരണമടഞ്ഞ സുഹൃത്ത് വിനോദിന്റെ കുടുംബത്തിന് സഹപാഠികൾ ഒരു ലക്ഷം രൂപ കൈമാറി. മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 1998 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികളുടെ കൂട്ടായ്മ കളിമുറ്റം 98 ആണ് പണം നൽകിയത്.
വർഷംതോറുമുള്ള കൂടിച്ചേരലുകൾക്കപ്പുറം പരസ്പരം താങ്ങായി മാറി മാതൃകാ പരമായി പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ കുറവാണ്. പഠിച്ച സ്കൂളിന്റെ പ്രവർത്തനത്തിലും വികസനത്തിലും സജീവമായ സംഭാവനകൾ നൽകി മുന്നോട്ട് പോകുന്ന സംഘടനകളെയും നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. അത്തരത്തിൽ ശ്രദ്ധേയമാകുകയാണ് കളിമുറ്റം 98 കൂട്ടായ്മ.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽപെട്ട മാരായമുട്ടം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1998 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് കളിമുറ്റം 98. ഈ കൂട്ടായ്മയിലെ അംഗമായിരുന്ന നെയ്യാറ്റിൻകര മാമ്പഴക്കര സ്വദേശി 42 കാരനായ വിനോദ് കഴിഞ്ഞ ഒക്ടോബർ 18-നാണ് ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചത്.
നിരാലാംബരായ കുടുംബത്തിന് അടിയന്തര സഹായമെത്തിക്കാൻ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. കളിമുറ്റം 98 എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് തുക സമാഹരിച്ചത്. കളിമുറ്റം 98 പ്രതിനിധികളായ സുജിത്, ഗിരീഷ് കുമാർ, അജിത്ത്, ഷിബു, പ്രീജ, ശ്രീപ്രിയ, രേണുക തുടങ്ങിയവരാണ് ഞായറാഴ്ച വിനോദിന്റെ വീട്ടിലെത്തി മകൾ വൈഷ്ണവിക്ക് ചെക്ക് കൈമാറിയത്.















