പാലക്കാട്: പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തി. 15 ദിവസം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.
രണ്ട് പീഡന കേസുകളിൽ ഒന്നിൽ മുൻകൂർ ജാമ്യം ലഭിക്കുകയും മറ്റൊന്നിൽ അറസ്റ്റ് തടയുകയും ചെയ്തതിന് പിന്നാലെയാണ് വോട്ട് ചെയ്യാൻ രാഹുൽ എത്തിയത്. കേസ് കോടതിയുടെ മുമ്പിലുണ്ടെന്നും സത്യം പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തി കാറിൽ കയറിയ ശേഷമായിരുന്നു പ്രതികരണം.
പോളിംഗ് ബൂത്തിന് മുന്നിൽ രാഹുലിനെതിരെ വലിയ പ്രതിഷേധവുമുണ്ടായിരുന്നു. കൂകിവിളിയോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.















