ന്യൂയോർക്ക്: യുഎൻ സുരക്ഷാ കൗൺസിൽ സംവാദത്തിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഭാരതം. ഭാരതത്തിനെതിരായ ഭീകരതയെ പാകിസ്ഥാൻ തുടർച്ചയായി പ്രോത്സാഹിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിന്ധു നദി ജല കരാർ ഭാരതം റദ്ദാക്കിയത് . പട്ടാളമേലധികാരിക്ക് പൂർണ്ണ സംരക്ഷണം ഒരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാൻ എന്നും ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഹരീഷ് പർവ്വതനേനി പറഞ്ഞു.
പാകിസ്ഥാനെ “ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ്, ജനാധിപത്യത്തെ അടിച്ചമർത്തുന്നതിനുള്ള മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രധാനമന്ത്രിയെ ജയിലിലടച്ചുകൊണ്ടും, ഭരണകക്ഷിയെ നിരോധിച്ചുകൊണ്ടും, 27-ാം ഭേദഗതിയിലൂടെ ഭരണഘടനാ അട്ടിമറിച്ച് പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നൽകിക്കൊണ്ടും പാകിസ്ഥാന് സ്വന്തം ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കുകയാണ്, പർവ്വതനേനി പരിഹസിച്ചു.
65 വർഷങ്ങൾക്ക് മുമ്പ് നല്ല വിശ്വാസത്തോടെയും സൗഹൃദത്തോടെയുമാണ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത്. എന്നാൽ ആറര പതിറ്റാണ്ടിനിടയിൽ, ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്ഥാൻ ഉടമ്പടിയുടെ അന്തസത്ത ലംഘിച്ചു. ഇനിയും ഇത് മുന്നോട്ടു കൊണ്ടുപോകാൻ ആകില്ലെന്ന് ഉറപ്പായതോടെയാണ് ഉടമ്പടി റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.















