പാലക്കാട്: കാറിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് ധോണിയിലാണ് സംഭവം. ധോണി- മുണ്ടൂർ റോഡിലാണ് കാറിന് തീപിടിച്ചത്. വഴിയാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. തീയണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ തീ കൂടുതൽ ആളിക്കത്തുകയായിരുന്നു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിയമർന്നിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കാണുന്നത്.
തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. മുണ്ടൂർ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.















