തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുസ്ലീം സമുദായ നേതാക്കളുമായി രഹസ്യ യോഗം ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു യോഗം. ജമാഅത്തെ ഇസ്ലാമി നേതാക്കളടക്കം യോഗത്തിന് എത്തിയെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ നീക്കം.
കനത്ത തോൽവിക്ക് ശേഷം സിപിഎം പ്രീണനരാഷ്‌ട്രീയത്തിലേക്ക് കടക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ നിന്ന് വ്യക്തമാവുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമസ്തയുടെയും മുജാഹിതിന്റെയും ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായാണ് ചർച്ച നടന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷമുണ്ടായിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ വിശദാംശങ്ങളെ കുറിച്ച് സിപിഎം പുറത്തുവിട്ടിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ടാണ് സിപിഎമ്മിന്റെ നീക്കം. അര മണിക്കൂറിലധികം കൂടിക്കാഴ്ച നടന്നെന്നാണ് വിവരം. മുസ്ലീം ലീഗിനെയും മറ്റ് മുസ്ലീം സമുദായത്തെ കൂട്ടുപിടിക്കുന്ന യുഡിഎഫിന്റെ ചുവടുപിടിച്ചാണ് സിപിഎമ്മും മുസ്ലീം സമുദായത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.















