കൊല്ലം: കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിക്കൽ വേമ്പനാട് ഏലാപ്പുറം സർപ്പക്കാവിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമമുണ്ടായത്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രാവിലെ ക്ഷേത്രത്തിലെത്തിയ തിരുമേനിയാണ് വിഗ്രഹങ്ങളും വിളക്കുകളും തകർന്ന നിലയിൽ കാണുന്നത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നാഗരാജാവിന്റെ വിഗ്രഹവും മറ്റ് സാമഗ്രികളും തകർത്തു. കലാപശ്രമം നടത്താൻ ശ്രമിച്ചതായി പൊലീസിന് സംശയമുണ്ട്. പൊലീസ് വിശദമായ പരിശോധന നടത്തി. ഡോഗ്സ്ക്വാഡും വിരളടയാള വിദഗ്ധരും എത്തി വിശദമായ പരിശോധന നടത്തും.
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് അക്രമികളുടെ അതിക്രമം. വർഷങ്ങളായി പ്രദേശവാസികൾ ആരാധിച്ചുപോന്നിരുന്ന സ്ഥലമാണിത്. വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതിനാണ് ഇത്തരം അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന പുൽക്കൂടും അക്രമികൾ നശിപ്പിച്ചു.















