വാഷിംഗ്ടൺ: പുതുവത്സര രാവിൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഭീകരാക്രമണ ശ്രമം എഫ്ബിഐ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 കാരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു.
ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 18 കാരൻ ആക്രമണത്തിന് ശ്രമിച്ചതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. പുതുവത്സര രാവിൽ പലചരക്ക് കടയിലും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലും കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു 18 കാരൻ പദ്ധതിയിട്ടത്. ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ “ന്യൂ ഇയർ അറ്റാക്ക് 2026” എന്ന തലക്കെട്ടിൽ രേഖകൾ കണ്ടെത്തി. 21 പേരെ കൊന്ന് ജിഹാദ് ചെയ്യുമെന്നാണ് ഇയാൾ ഇതിൽ എഴുതിയിരിക്കുന്നത്.
ഒരു വിദേശ തീവ്രവാദ സംഘടനയ്‌ക്ക് സഹായം നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാവ് ഐസിസിനോട് കൂറ് പ്രഖ്യാപിക്കുകയും പുതുവത്സര രാവിൽ ആക്രമണം നടത്തി ‘രക്തസാക്ഷി’ ആകാൻ ആഗ്രഹിക്കുകയും ചെയ്തുവെന്ന് എഫ്ബിഐ വൃത്തങ്ങൾ പറഞ്ഞു. യുവാവിന്റെ സോഷ്യൽ മീഡിയ വഴി ഐഎസ് ആശയപ്രചരണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
താൻ ഉടൻ ജിഹാദ് ചെയ്യുമെന്നും താൻ ഐസിസിന്റെ “സൈനികൻ” ആണെന്നും ഇയാൾ ദിവസങ്ങൾക്ക് മുൻപ് പോസ്റ്റിട്ടിരുന്നു. “അല്ലാഹു കുരിശ് ആരാധകരെ ശപിക്കട്ടെ” എന്ന് അടിക്കുറിപ്പൊടെയുള്ള ചിത്രങ്ങളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.















