വയനാട്: പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് നേരെ 55 കാരന്റെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
ഇന്നലെ സന്ധ്യയോടെ പ്രിയദർശിനി ഉന്നതിയിലാണ് സംഭവം. സംഭവത്തിൽ അയൽവാസിയായ രാജു ജോസിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വിദ്യാർത്ഥിനിയുടെ സ്റ്റുഡൻറ് പൊലീസ് യൂണിഫോം നൽകാത്തതിൻറ ദേഷ്യത്തിലാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. രാജു ജോസിന് മാനസിക പ്രശ്നമുണ്ടോ എന്നും സംശയമുണ്ട്. മറ്റ് കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ആക്രമണം. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മുഖത്തും കഴുത്തിലും മുൻഭാഗത്തുമായി ഏകദേശം 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.















