തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശനിയാഴ്‌ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിർമിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും നടന്നു.
ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. മൊത്തംനിക്ഷേപം 18,000 കോടിയായി ഉയരും. ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് നാലു കിലോമീറ്റർ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും.ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടല്‍ നികത്തും.















