പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെ തളിക്ഷേത്ര ഭരണ നടത്തിപ്പിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് സ്റ്റേ.മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ഇറക്കിയ നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത് .
ക്ഷേത്ര സംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ .ക്ഷേത്ര ഭരണ നടത്തിപ്പ് പിടിച്ചെടുക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു നോട്ടീസ് ഇറക്കിയത്. ഹർജിയിൽ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. നോട്ടീസ് ഇറക്കാൻ അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർക്ക് അധികാരമില്ല .നിലവിലെ ക്ഷേത്ര ഭരണ സമിതി നടത്തിപ്പിൽ വീഴ്ച്ചകൾ ഇല്ലാതിരിക്കെയാണ് ദേവസ്വം ബോർഡ് നോട്ടീസ് ഇറക്കിയതെന്നും അഡ്വ.വി.സജിത്ത് കുമാർ മുഖേന നൽകിയ ഹർജിയിൽ വാദമുണ്ട്.
അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഭക്തർ നാമജപ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.തളി മഹാദേവ ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം കേരളാ ഗാന്ധി കെ കേളപ്പന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി നേടിയെടുത്തതാണ്. ഐതിഹാസികമായ പോരാട്ടത്തിനൊടുവിലായിരുന്നു വിശ്വാസികൾ ആരാധനാ സ്വാതന്ത്ര്യം നേടിയെടുത്തത്. കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ ഇഎംഎസ് സർക്കാർ ക്രൂരമായി നേരിട്ടു. എന്നാൽ കോടതി വിധി ഭക്തർക്ക് അനുകൂലമായി. കെ കേളപ്പൻ ഉൾപ്പെടെയുള്ളവർ ജയിൽ വാസമനുഷ്ഠിച്ചിരുന്നു. തുടർന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു തളി മഹാദേവക്ഷേത്രത്തിന്റെ ഭരണം. വീണ്ടും ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമാണ് മലബാർ ദേവസ്വം ബോർഡ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി പത്രത്തിൽ പരസ്യം നൽകുകയായിരുന്നു.















