ചെന്നൈ: ലഹരിമരുന്നുമായി മലയാളി യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെന്നൈയിലെ വലസരവാക്കത്ത് ആന്റി നര്‍ക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവരിൽ നിന്നും മെത്താഫിറ്റമിനും കഞ്ചാവും സ്റ്റാമ്പും പിടിച്ചെടുത്തു. തമിഴ് സിനിമകളില്‍ സഹ സംവിധായികയായ വിൻസി നിവേതയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
നേസപാക്കം സ്വദേശി വിഘ്നേശ്വരനെ ലഹരിയുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നുമാണ് സിനിമാ താരങ്ങളിലേക്ക് അന്വേഷണം എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്ന് ആറ് ഗ്രാം മെത്താഫിറ്റമിൻ, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോംഗ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
മോഡലിംഗിലൂടെയാണ് അഞ്ജു കൃഷ്ണ കരിയർ ആരംഭിക്കുന്നത്. വെള്ളിമലൈ എന്ന തമിഴ് ചിത്രത്തിലും ജോജു ജോർജ് നായകനായ മലയാള ചിത്രം ആരോയിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ‘പ്രിയങ്കരി’ എന്ന ജനപ്രിയ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അഞ്ജു കൃഷ്ണയ്‌ക്ക് ഇൻസ്റ്റഗ്രാമിൽ ഇരുപത്തിമൂവായിരം ഫോളോവേഴ്‌സ് ഉണ്ട്. മോഡലിംഗിലും ഫോട്ടോഷൂട്ടുകളിലും സജീവമാണ്.















