കൊല്ലം: ചിതറയിൽ കാറുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. ചിതറ ഇരപ്പിൽ ഭാഗത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റോഡിൽ കാറുമായി ഹോൺ മുഴക്കിയുള്ള അഭ്യാസം കണ്ട് സമീപത്തെ വീട്ടുകാർ പുറത്തിറങ്ങി. ഇതോടെ ഗേറ്റിന് സമീപം നിന്ന വീട്ടുകാരെ വാഹനവുമായി പാഞ്ഞെത്തി സംഘം ഭയപ്പെടുത്തി. പേടിച്ച് നിലവിളിക്കുന്ന സ്ത്രീകളെ പുറത്തുവന്ന സിസിടിവി ദൃശ്യത്തിൽ കാണാം. വാഹനം ചിതറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാങ്ങോട് സ്വദേശികളായ യുവാക്കളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവർ ഒളിവിലാണ്.















