തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവിലെ രാഷ്‌ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ.
എസ്ഡിപിഐ പോലുള്ള രാജ്യ വിരുദ്ധ സംഘടനയുടെ ചങ്ങാത്തത്തിന്റെ ഇരട്ട പൂട്ട് കൊണ്ടാവും മന്ത്രി ഇങ്ങനെ ഒക്കെ വീര വാദം പറയുന്നത്. എല്ലാ തെരഞ്ഞടുപ്പു വരുമ്പോഴും ഓരോ പ്രവചനം നടത്തി സ്വയം അപഹാസ്യനാവുന്ന വി ശിവൻകുട്ടി ഇക്കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പറഞ്ഞതും ജനങ്ങൾ മറന്നിട്ടില്ല എന്നെങ്കിലും ഒന്നാലോചിക്കണം ആയിരുന്നു. നേമത്ത് കഴിഞ്ഞ തവണ ശിവൻ കുട്ടി വിജയിച്ചപ്പോൾ ശിവൻ കുട്ടിയുടെ വിജയത്തിന് അവകാശം ഉന്നയിച്ചത് സിപിഎം അല്ല എസ്ഡിപിഐ ആയിരുന്നു എന്നതും ജനങ്ങൾ മറന്നിട്ടില്ല.
തെരഞ്ഞടുപ്പ് വിജ്ഞാപനം വന്ന സ്ഥിതിക്ക് നേമത്തെ കാര്യം നേമത്തെ ജനങ്ങൾ നോക്കി കൊള്ളും. അവർക്ക് വേണ്ടി ഒന്നും ചെയ്യാത്ത, ആറ്റുകാൽ പൊങ്കാല പോലും കുടിവെള്ളം അടച്ച് വച്ച് കലക്കാൻ ശ്രമിച്ച താങ്കളെ എങ്ങനെ ബാലറ്റിലൂടെ കൈകാര്യം ചെയ്യണമെന്നും നേമത്ത് കാർക്ക് നന്നായി അറിയാം. ശിവൻകുട്ടിയുടെ പൂട്ടും താക്കോലും ഒക്കെ തുരുമ്പെടുത്ത കാര്യം ശിവൻ കുട്ടിക്ക് ഒഴിച്ച് ബാക്കിയെല്ലാവർക്കും അറിയാം എന്നതാണ് യാഥാർത്ഥ്യമെന്നും കരമന ജയൻ പരിഹസിച്ചു.















