തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലാണ് പ്രശസ്തമായ തിരുമണഞ്ചേരി കല്യാണസുന്ദരേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിവാഹ തടസ്സങ്ങൾ മാറുന്നതിനും ഉത്തമമായ ദാമ്പത്യബന്ധം സിദ്ധിക്കുന്നതിനുമായി ദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ എത്തുന്ന അതിപ്രശസ്തമായ ക്ഷേത്രമാണിത്. കാവേരി നദിയുടെ വടക്കേക്കരയിലുള്ള പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
ഈ പ്രദേശം പണ്ട് മണവാളപുരം, മണഞ്ചേരി, കീഴ്തിരുമണഞ്ചേരി എന്നൊക്കെ അറിയപ്പെട്ടിരുന്നു. തമിഴിൽ ‘തിരുമണം’ എന്നാൽ വിവാഹം എന്നും ‘ചേരി’ എന്നാൽ ഗ്രാമം എന്നുമാണ് അർത്ഥം. അങ്ങനെയാണ് ഈ സ്ഥലത്തിന് ‘തിരുമണഞ്ചേരി’ എന്ന പേര് വന്നത്. ശിവഭഗവാൻ കല്യാണസുന്ദരേശ്വരനായും പാർവ്വതീദേവി കോകിലാംബാളായും ഭൂമിയിൽ വെച്ച് വിവാഹിതരായ ഇടം എന്നാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം.
ഒരിക്കൽ കൈലാസത്തിൽ വെച്ച് പാർവ്വതീദേവി ശിവഭഗവാനോട് ഭൂമിയിൽ വെച്ച് തന്നെ വീണ്ടും വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിച്ചു. ഉചിതമായ സമയവും സന്ദർഭവും ഒത്തുവരുമ്പോൾ അത് സംഭവിക്കുമെന്ന് പരമേശ്വരൻ ദേവിയെ അനുഗ്രഹിച്ചു.
കാലങ്ങൾക്കു ശേഷം, പുത്രകാമേഷ്ടി യാഗം നടത്തിക്കൊണ്ടിരുന്ന ഭരദ്വാജ മഹർഷിക്ക് മകളായി പാർവ്വതീദേവി ജനിക്കുകയും ഭഗവാൻ നൽകിയ വാഗ്ദാനപ്രകാരം ‘കോകില’ എന്ന് പേരുള്ള ദേവിയെ ഭഗവാൻ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹം നടന്ന പുണ്യഭൂമിയാണ് പിന്നീട് തിരുമണഞ്ചേരി എന്ന് അറിയപ്പെട്ടത്.
വിവാഹം വൈകുന്നവരും ജാതകദോഷമുള്ളവരും ഈ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്താറുണ്ട്. ‘മാല മാറ്റൽ’ ചടങ്ങാണ് ഇവിടുത്തെ പ്രധാന വഴിപാട്. വിവാഹ തടസ്സമുള്ളവർ ക്ഷേത്രത്തിലെത്തി രണ്ട് മാലകൾ വാങ്ങി പൂജയ്‌ക്ക് നൽകണം. ഇതിൽ ഒരു മാല ഭക്തർക്ക് പ്രസാദമായി തിരികെ ലഭിക്കും. അർച്ചന പ്രസാദമായി മാലയും നാരങ്ങയും ഭക്തർക്ക് ലഭിക്കുന്നു. പ്രാർത്ഥന ഫലിച്ച് വിവാഹം നടന്നു കഴിഞ്ഞാൽ, ദമ്പതികൾ വീണ്ടും ക്ഷേത്രത്തിലെത്തി പഴയ മാല സമർപ്പിക്കണം എന്നത് ഇവിടുത്തെ പ്രധാന ആചാരമാണ്.















