നവദമ്പതികളുടെ സ്വപ്ന രാജ്യമാണ് ഇറ്റലി. പൗരാണികതയും പ്രകൃതി സൗന്ദര്യവും സമന്വയിക്കുന്ന ഈ യൂറോപ്യൻ രാജ്യം പ്രണയിക്കുന്നവർക്ക് സമ്മാനിക്കുന്നത് പകരം വെക്കാനില്ലാത്ത അനുഭവങ്ങളാണ്. നീലക്കടൽ ചുംബിക്കുന്ന തീരങ്ങളും, രുചികരമായ ഭക്ഷണങ്ങളും ഇറ്റലിയെ ദമ്പതികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

പ്രണയത്തിന്റെ നഗരമായ വെനീസിലൂടെയുള്ള യാത്രയോടെ വേണം ഹണിമൂൺ ആരംഭിക്കാൻ. ഇടുങ്ങിയ കനാലുകളിലൂടെയുള്ള ബോട്ട് യാത്രയും നഗരത്തിലെ പുരാതനമായ പാലങ്ങളും നൽകുന്നത് ഒരു സ്വപ്നലോകത്തെ അനുഭൂതിയാണ്. വെനീസിലെ തിരക്കുകളിൽ നിന്ന് മാറി, ഇറ്റലിയുടെ ഹൃദയമായ റോമിലെത്തുമ്പോൾ പൗരാണികതയുടെ കഴ്‌ച്ചയാണ് സമ്മാനിക്കുന്നത്. ട്രെവി ഫൗണ്ടനിൽ ഒരു നാണയമിട്ട് ആഗ്രഹങ്ങൾ പങ്കുവെക്കുന്നതും, ലോകമഹാത്ഭുതങ്ങളിൽ ഒന്നായ കൊളോസിയത്തിന് മുന്നിൽ കൈകോർത്ത് നിൽക്കുന്നതും ഏതൊരു നവദമ്പതികളുടെയും സ്വപ്നമാണ്.
കലയെ സ്നേഹിക്കുന്നവർക്ക് ഫ്ലോറൻസിലെ മ്യൂസിയങ്ങളും കത്തീഡ്രലുകളും പുതിയ കാഴ്ചകൾ തന്നെയായിരിക്കും. ആൽപ്സ് പർവതനിരകളുടെ തണലിലുള്ള ലേക്ക് കോമോയിലെ ആഡംബര വില്ലകളും പ്രശാന്തമായ തടാകവും ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ ഏറ്റവും മികച്ച ഇടമാണ്.
യാത്രകൾക്കൊപ്പം തന്നെ ഇറ്റാലിയൻ ഭക്ഷണങ്ങളും നിങ്ങളുടെ ഹണിമൂണിന് മാധുര്യം ഏകുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് ഇറ്റലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ആധുനിക സൗകര്യങ്ങളും പാരമ്പര്യത്തിന്റെ തനിമയും ഒത്തുചേരുന്ന ഇറ്റലി എന്നും പ്രണയിനികൾക്കായി കരുതിവെച്ച ഒരു വിസ്മയമാണ്.















