ഇന്നത്തെ കാലത്ത് ദമ്പതികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ജോലിയും കുടുംബജീവിതവും തമ്മിലുളള സന്തുലിതാവസ്ഥ നിലനിർത്തുകയെന്നത്. കരിയറിലെ ഉയർച്ചയും ദാമ്പത്യത്തിലെ സന്തോഷവും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് നോക്കിയാലോ…
1. ഗുണനിലവാരമുളള സമയം: ജോലിത്തിരക്കുകൾക്കിടയിൽ എത്ര സമയം പങ്കാളിക്കൊപ്പം ചിലവഴിക്കുന്നു എന്നതിനെക്കാൾ, ആ സമയം എങ്ങനെ ചിലവഴിക്കുന്നു എന്നതിനാണ് പ്രാധാന്യം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ഫോണും മറ്റ് തടസ്സങ്ങളുമില്ലാതെ സംസാരിക്കാൻ മാറ്റിവെക്കുക. ആഴ്ചയിലൊരിക്കൽ ‘ഡേറ്റ് നൈറ്റ്’ അല്ലെങ്കിൽ ചെറിയ യാത്രകൾ പ്ലാൻ ചെയ്യുന്നത് ബന്ധത്തിന് പുതുജീവൻ നൽകും.
2. ജോലി വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക: ഓഫീസിലെ സമ്മർദ്ദങ്ങളും ഫയലുകളും വീട്ടിലെ സ്വീകരണമുറിയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിലെത്തിയാൽ ലാപ്ടോപ്പും ഔദ്യോഗിക കോളുകളും പരമാവധി ഒഴിവാക്കുക. ഓഫീസിലെ പ്രശ്നങ്ങൾ പങ്കാളിയോട് പങ്കുവയ്ക്കാമെങ്കിലും, അത് മുഴുവൻ സമയ സംസാരവിഷയമാകാതിരിക്കാൻ ശ്രദ്ധിക്കണം.
3. തുറന്ന ആശയവിനിമയം: പങ്കാളിയുടെ കരിയറിലെ ലക്ഷ്യങ്ങളെയും ജോലിയിലെ പ്രായോഗിക ബുദ്ധിമുട്ടുകളെയും കുറിച്ച് അറിഞ്ഞിരിക്കുക. ദേഷ്യമോ പരിഭവമോ ഉണ്ടങ്കിൽ അത് മനസ്സിൽ വെക്കാതെ അപ്പോൾ തന്നെ തുറന്നു സംസാരിക്കുക. പരസ്പരമുളള ബഹുമാനവും പിന്തുണയും കരിയറിലെ വിജയത്തിന് വലിയൊരു ഊർജമാകും.
4. വീട്ടുജോലികളിലെ പങ്കാളിത്തം: വീട്ടുജോലികൾ ഒരാൾ മാത്രം ചെയ്യേണ്ടതല്ല എന്ന ബോധ്യം രണ്ടുപേർക്കും വേണം.പാചകം, വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ പരസ്പരം പങ്കിട്ടു ചെയ്യുന്നത് വഴി രണ്ടുപേർക്കും വിശ്രമിക്കാൻ സമയം ലഭിക്കും.ഇത് പങ്കാളികൾക്കിടയിലെ സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കും.
5. വ്യക്തിപരമായ ഇടം: രണ്ടുപേരും തിരക്കുളളവരാകുമ്പോൾ പരസ്പരം സ്വകാര്യത നൽകേണ്ടതും അത്യാവശ്യമാണ്. പങ്കാളികളുടെ താല്പര്യങ്ങൾക്കും ഹോബികൾക്കും സമയം നൽകുന്നത് മാനസിക സന്തോഷം നൽകുകയും ദാമ്പത്യത്തിലെ വിരസത ഒഴിവാക്കുകയും ചെയ്യും. വിവാഹവും കരിയറും ഒരാളുടെ ജീവിത്തിൽ വെല്ലുവിളിയാകേണ്ട കാര്യങ്ങളല്ല. മറിച്ച് പരസ്പരം പിന്തുണ നൽകേണ്ട ഘടകങ്ങളാണ്. വ്യക്തിപരമായ വളർച്ചയും സാമ്പത്തിക ഭദ്രതയും നൽകുന്ന കരിയർ ഒരാൾക്ക് ആത്മവിശ്വാസം പകരുമ്പാൾ, വൈകാരികമായ പിന്തുണയും സുരക്ഷിതത്വവുമാണ് സന്തേഷകരമായ വിവാഹജീവിതം പ്രദാനം ചെയ്യുന്നത്















