തിരുവനന്തപുരം: എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. അഴൂർ സ്വദേശികളായ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷിത് ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്ന സമയത്താണ് കടിയേറ്റത്. വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.
ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുഞ്ഞ് ഉറക്കത്തിൽ നിന്ന് ഉണരുകയായിരുന്നു. മാതാപിതാക്കൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉടൻ തന്നെ കുടുംബം കുഞ്ഞിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുത്തിവെപ്പ് എടുത്തതിന് ശേഷം മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടികിടപ്പ് ഭൂമിയിൽ ഷീറ്റിട്ട വീട്ടിലാണ് ദിക്ഷിതും കുടുംബവും താമസിച്ചിരുന്നതെന്ന് അഴൂർ പഞ്ചായത്തംഗം ബിനു പറഞ്ഞു.















