ലക്ഷ്യമിട്ടത് ബന്ധുക്കളായ പെൺകുട്ടികളെ; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന; യുവാവിനെതിരെ വീണ്ടും കേസ്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്ന യുവാവിനെതിരെ വീണ്ടും പോലീസ് കേസ്. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് താനൂർ പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചത്. താനൂർ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇത്തവണ കേസെടുത്തത്.

കഴിഞ്ഞ ​ദിവസം ഇയാളുടെ പേരിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. രാമനാട്ടുകര സ്വദേശിനി സാന്ദ്ര സദാനന്ദൻ ആണ് പരാതി നൽകിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ അശ്ലീല ദൃശ്യങ്ങളുമായി ചേർത്താണ് പ്രതി പ്രചരിപ്പിച്ചിരുന്നത്. വൻ തുക ഈടാക്കിയാണ് ടെലഗ്രാം ഗ്രൂപ്പുകൾ വഴി ഈ ചിത്രങ്ങൾ വിൽപന നടത്തിയിരുന്നത്. ചിത്രങ്ങളുടെ വിൽപനയ്‌ക്ക് പുറമെ ‘കണ്ടന്റുകൾ’ പരസ്പരം കൈമാറുന്ന എക്സ്ചേഞ്ചിങ് രീതിയും ഗ്രൂപ്പുകളിൽ നടന്നിരുന്നതായി പരാതിയിൽ പറയുന്നു.

തനിക്ക് നേരത്തെ പരിചയമുള്ള യുവാവാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതെന്ന് സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്നും, പ്രതി നിരന്തരം പെൺകുട്ടികൾക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവ വഴി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിരുന്നതായും ഇവർ ആരോപിച്ചിരുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത വിവരം അറിഞ്ഞതോടെയാണ് സാന്ദ്ര പരാതിയുമായി മുന്നോട്ട് വന്നത്.

കേസിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതിയുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധിക്കുമെന്നും പൊലീസ് നേരത്തെ അറിയിച്ചതിന് പിന്നാലെയാണ് താനൂർ സ്വദേശിനി പരാതിയുമായെത്തിയത്. തുടർന്നുളള അന്വേഷണത്തിൽ കുടുതലും, പ്രതിയുടെ ബന്ധുക്കളായ പെൺകുട്ടികളെയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പോലീസ് കണ്ടെത്തി.

Share