കോഴിക്കോട്: മോഷണം പോയ മോട്ടോർ സൈക്കിൾ ഒമ്പതാം ക്ലാസുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തി. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് റൂറൽ എസ്പിയുടെ നിർദേശത്തിൽ സ്പെഷൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഒരു കുട്ടിയുടെ വീട്ടിൽ നിന്നും മോഷണം പോയ മോട്ടോർസൈക്കിൾ കണ്ടെത്തിയത്.
മോട്ടോർ സൈക്കിൾ ഉപയോഗിക്കാൻ വേണ്ടി ഒരു സുഹൃത്ത് കൊടുത്തതാണെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. അന്വേഷണത്തിൽ കളവാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേപ്പയ്യൂർ സ്റ്റേഷൻ പരിധിയിൽ വെച്ച് കഴിഞ്ഞ ദിവസം കാണാതായതാണ് ബൈക്ക് എന്ന് വ്യക്തമായി,
മോട്ടോർ സൈക്കിൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയെ വിളിച്ച് വരുത്തി തുടർ നടപടികൾ സ്വീകരിച്ച് കൈമാറി. അന്വേഷണത്തിൽ ഇതിലുൾപ്പെട്ട കുട്ടികൾ മുൻപും ഇത്തരത്തിലുള്ള മോഷണം നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്. കഴിഞ്ഞ ദിവസം വടകര റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് എടുക്കാൻ ഇവർ ശ്രമിച്ചിരുന്നതായാണ് വിവരം. കുട്ടികൾക്ക് ലഹരി നൽകി കരിയർമാരാക്കുന്ന സംഘങ്ങൾ ഇവർക്ക് പുറകിലുണ്ടോ എന്നും സംശയമുണ്ട്.















