വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യം കൈവരിച്ച വലിയ പരിവര്‍ത്തനങ്ങളുടെയും മാറ്റങ്ങളുടെയും കേന്ദ്രബിന്ദു പാവപ്പെട്ടവരുടെ ക്ഷേമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയത്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി), സ്വച്ഛ് ഭാരത് മിഷന്‍, പി.എം ആവാസ് യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് അന്തസ്സും മികച്ച അവസരങ്ങളും ഉറപ്പാക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ച കുറിപ്പുകളിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ മാറ്റങ്ങളുടെയെല്ലാം കാതല്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ്,’ പ്രധാനമന്ത്രി കുറിച്ചു. പതിറ്റാണ്ടുകളായി വികസനം എത്തിനോക്കാത്ത ജനവിഭാഗങ്ങളിലേക്ക് അതിന്റെ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ‘അന്ത്യോദയ’ ദര്‍ശനമാണ് തന്റെ സര്‍ക്കാരിന് എപ്പോഴും പ്രചോദനമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’12YearsOfGaribKalyan’ എന്ന ഹാഷ്ടാഗോടെയായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റുകള്‍. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സാങ്കേതികവിദ്യ നിര്‍ണ്ണായക പങ്ക് വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വഴി ആനുകൂല്യങ്ങള്‍ യാതൊരു ഇടനിലക്കാരുമില്ലാതെ പൂര്‍ണ്ണമായും സുതാര്യമായി ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു. ഇത് അഴിമതിയും ഫണ്ട് ചോര്‍ച്ചയും ഇല്ലാതാക്കുകയും ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ‘ഗരീബ് കല്യാണ്‍’ (ദരിദ്ര ക്ഷേമം) എന്ന ഈ പ്രയാണം ഇന്ന് മാനവ ശാക്തീകരണത്തിനും വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുമുള്ള ഒരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2014 മെയ് 26-നാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് 2019 മെയ് 30-ന് രണ്ടാം തവണയും അധികാരമേറ്റു. 2024-ലെ പൊതുതിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക വിജയത്തിന് പിന്നാലെ 2024 ജൂണ്‍ 9-നാണ് അദ്ദേഹം തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

Share