തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു . നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും, മറ്റ് ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി കർശന നിർദ്ദേശം നൽകി. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച ആക്രമണം നൂറാം ദിവസത്തിലേക്ക് എതിയപ്പോൾ പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ വഷളായി തുടരുകയാണ്. സമാധാന ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, ഇരുപക്ഷവും വീണ്ടും ആക്രമണം കടുപ്പിച്ചു. ഏതാനും ദിവസങ്ങളായി മേഖല കടുത്ത യുദ്ധഭീതിയിലാണ്.
കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ മേഖലയിൽ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസം 11 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തുവിട്ടു. ഇറാന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ സൈന്യം ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തന്ത്രപ്രധാനമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം നടത്തി.
ഏപ്രിലിലെ വെടിനിർത്തലിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ടുണ്ടാകുന്ന ഏറ്റവും ശക്തമായ സൈനിക ഏറ്റുമുട്ടലായിരുന്നു ഇത്.















