തലശ്ശേരി: മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി 10 വർഷത്തിനുശേഷം തലശ്ശേരി പോലീസിന്റെ പിടിയിലായി.
കൊല്ലം ജില്ലയിൽ ചെരിനാട് വെളിമൺ സ്വദേശി പുത്തൻവീട് അഷ്റഫ് (47) ആണ് എറണാകുളത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2016-ൽ തലശ്ശേരി
സെയിദാർപള്ളി സ്വദേശിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നടപടി. എറണാകുളത്ത് കൊണ്ടുപോയാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്.
തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയതോടെ കേസിന്റെ വിചാരണ നടപടികൾ തടസ്സപ്പെടുകയും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. മുങ്ങി നടക്കുന്നതിനിടെ ഇയാൾ കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു എറണാകുളത്ത് പെയിന്റ് പണിക്കാരനാണെന്ന വ്യാജേനയാണ് അഷ്റഫ് താമസിച്ചിരുന്നത്. രണ്ടാഴ്ചയോളം ഇരു ജില്ലകളിലുമായി നടത്തിയ നീരീക്ഷണത്തിനൊടുവിലാണ് ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്.















