കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

Published by
ജനം വെബ്‌ഡെസ്ക്

കാലിഫോര്‍ണിയ: യു.എസ് വ്യോമസേനയുടെ ബി-52 യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. പതിവ് പരീക്ഷണ പറക്കലിനിടയിലാണ് വിമാനം തകര്‍ന്നുവീണത്. ലോസ് ആഞ്ചലസിന് വടക്കുള്ള സൈനിക താവളത്തിലെ റണ്‍വേയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. തൊട്ടടുത്ത നിമിഷങ്ങളില്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും, അപകടത്തിന്റെ ആഘാതത്തിലും തുടര്‍ന്നുണ്ടായ ശക്തമായ തീപിടുത്തത്തിലും വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും അടിയന്തര വിഭാഗവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ റണ്‍വേയ്‌ക്ക് സമീപമുള്ള മരുഭൂമിയില്‍ നിന്നും കനത്ത കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ സൈനികരും ഗവണ്‍മെന്റ് കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.

വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും അപകടത്തില്‍ മരിച്ചതായി സൈനിക വക്താക്കള്‍ സ്ഥിരീകരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയതെന്നും 412-ാമത് ടെസ്റ്റ് വിങ്ങിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ജെയിംസ് ഹെയ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘നമുക്ക് എട്ട് മികച്ച അമേരിക്കക്കാരെയാണ് നഷ്ടമായത്,’ മരണപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹെയ്‌സ് കൂട്ടിച്ചേര്‍ത്തു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇത് പൂര്‍ത്തിയാകാന്‍ ആറ് മാസം വരെ സമയമെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ ‘റഡാര്‍ നവീകരണ പദ്ധതിയുടെ’ ഭാഗമായുള്ള പരീക്ഷണ പറക്കലിലായിരുന്നു വിമാനം ഏര്‍പ്പെട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ഭൂരിഭാഗം സമയവും എയര്‍ഫീല്‍ഡ് അടച്ചിട്ടു. ഇവിടേക്ക് വരേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് ഇടങ്ങളിലേക്ക് തിരിച്ചുവിട്ടു. കൂടാതെ ബേസിലേക്കുള്ള സന്ദര്‍ശക പാസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ബി-52 ബോംബര്‍ വിമാനങ്ങളുടെ റഡാര്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2025-ല്‍ പുതിയ ‘ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ’ റഡാര്‍ സംവിധാനം ഘടിപ്പിച്ച ബി-52 വിമാനം പരീക്ഷണങ്ങള്‍ക്കായി എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍ എത്തിച്ചിരുന്നു. വിമാനത്തിന്റെ പഴയ റഡാര്‍ സംവിധാനത്തിന് പകരമായി പ്രവര്‍ത്തനക്ഷമതയും പ്രകടനവും മെച്ചപ്പെടുത്താനാണ് ഈ അത്യാധുനിക റഡാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സൈനിക വിമാനങ്ങളിലൊന്നാണ് ബോയിങ് ബി-52 സ്ട്രാറ്റോഫോര്‍ട്രെസ്. 1955-ല്‍ സേവനമാരംഭിച്ച ഈ ലോങ് റേഞ്ച് തന്ത്രപ്രധാന ബോംബര്‍ വിമാനം ഒരേസമയം സാധാരണ ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളതാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ വിയറ്റ്‌നാം യുദ്ധം മുതല്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വരെ അമേരിക്ക ഉള്‍പ്പെട്ട നിരവധി സൈനിക നീക്കങ്ങളില്‍ ഈ വിമാനം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

പഴക്കമുണ്ടെങ്കിലും യു.എസ് വ്യോമസേനയുടെ ഭാവി പദ്ധതികളുടെ ഭാഗമായി നിലനിര്‍ത്താന്‍ ഈ വിമാനങ്ങള്‍ നിരന്തരം നവീകരിക്കാറുണ്ട്. സാധാരണയായി അഞ്ച് ജീവനക്കാരാണ് ഈ വിമാനം നിയന്ത്രിക്കുന്നത്. ഇന്ധനം നിറയ്‌ക്കാതെ 14,000 കിലോമീറ്ററിലധികം ദൂരം പറക്കാന്‍ ഇതിന് സാധിക്കും. എട്ട് ജെറ്റ് എഞ്ചിനുകളുള്ള ഈ വിമാനത്തിന് 32 ടണ്‍ വരെ ആയുധങ്ങള്‍ വഹിക്കാനും മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ശേഷിയുണ്ട്.

യു.എസ് വ്യോമസേനയുടെ കണക്കുകള്‍ പ്രകാരം 2012 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് അനുസരിച്ച് ഒരു വിമാനത്തിന്റെ ഏകദേശ വില 84 ദശലക്ഷം ഡോളറാണ്. ഇതിന്റെ ഇപ്പോഴത്തെ വിപണി മൂല്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Share